തുംപെങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്തോനേഷ്യയിലെ, പ്രത്യേകിച്ച് ജാവ, ബാലി, മദുര പ്രദേശങ്ങളിൽ പ്രചാരത്തിലള്ള ഒരു അരിചോറ് ഭക്ഷണവിഭവമാണ് തുംപെൻങ്.(Tumpeng). ജനനം, മരണം, വിവാഹം , തുടങ്ങിയ ഒത്തുകൂടൽ ചടങ്ങുകൾക്ക് അവിഭാജ്യ ഘടകമായി വിളമ്പിയിരുന്ന വിശിഷ്ട് വിഭവമായിരുന്നു പോയകാലങ്ങളിൽ തുംപെൻങ്.[1]


രൂപം[തിരുത്തുക]

കുന്നു പോലെ കോൺ ആകൃതിയിൽ ചോറ് കുത്തിനിർത്തുന്നു. തംപ(tampah) എന്ന മുളകൂടാണ് ഇതിനു അച്ചായി ഉപയോഗിക്കുന്നത്. കോണിന്റെ/ചോറിന്റെ  മുകൾഭാഗം വാഴയില തൊപ്പി കൊണ്ട് അലങ്കൃതമാണ്. കുന്നിന്റെ താഴ്ഭാഗത്ത് പലതരം കറിവിഭവങ്ങൾ ചുറ്റിനും നിരത്തുന്നു.ഇവ സസ്യ/മാംസ വിഭവങ്ങളാകാം.

Nasi Tumpeng

സാധാരണ ചോറ്, തേങ്ങാപാലിൽ പുഴുങ്ങിയ ചോറ്, മഞ്ഞൾ മുക്കിയുണ്ടാക്കിയ മഞ്ഞ ചോറ് തുടങ്ങിയ പലയിനങ്ങളിൽ തുംപെൻങ് ഉണ്ടാക്കാറുണ്ട്.ചുറ്റു കറികൾ കോഴി ഇറച്ചി, മാട്ടിറച്ചി, മുട്ട , വിവിധയിനം പച്ചകറികൾ തുടങ്ങി പലതുമാവാം.

ഇന്തോനേഷ്യൻ   സർക്കാർ ടൂറിസ്റ്റ് പ്രതീകങ്ങളായി  തിരഞ്ഞെടുത്ത 30 ഭക്ഷണ വിഭവങ്ങളിൽ ഒന്ന് തുംപെൻങ് ആണ്. ദേശീയ വിഭവം എന്ന അംഗീകാരം 2014 മുതൽക്ക് ഇതിനുണ്ട്.[2]

പ്രതീകാത്മകത[തിരുത്തുക]

വിശേഷ വേളകളിലെ ഈ വിശിഷ്ട ഭക്ഷണത്തിനു പിന്നിൽ ഗഹനമായ തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.[3]


തയ്യാറാക്കുമ്പോൾ[തിരുത്തുക]

സ്ത്രീകളാണ് ചോറ് ഉണ്ടാക്കുന്നത്. പുരുഷന്മാർ കൂട്ടുകറികൾ ഉണ്ടാക്കാൻ കൂടുന്നു. ആർത്തവത്തിലുള്ള‍‍ സ്ത്രീകൾ പാചകം ചെയ്യാൻ പാടുള്ളതല്ല. പാചകം ചെയ്യുമ്പോൾ സ്ത്രീകളുമായി സംസാരിക്കാൻ പാടുള്ളതല്ല.

അലങ്കാരങ്ങൾ[തിരുത്തുക]

വാഴയിലയിലാണ് ചോറ് കമിഴ്ത്തുന്നത്. ഈ വാഴയില അലങ്കരിച്ചിരിക്കുന്നത് സൂര്യനെ തോന്നിപ്പിക്കുംവിധമായിരിക്കും. ദൈവത്തയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

ചോറുകുന്നിന്റെ മുകളിലുള്ള വാഴതൊപ്പിയിൽ കാന്താരിമുളകോ, മറ്റ് ഇനം മുളകുകളോ പിടിപ്പിച്ചിരിക്കും. അഗ്നിപ്രതീകമാണ് മുളക്. കുന്നിന്റെമുകളിലുള്ള ഈ അലങ്കാരം അഗ്നിപർവ്വത മേഖലയായ ഇന്തോനേഷ്യൻ ഭൂപകൃതിയെ സൂചിപ്പിക്കുന്നു.

കൂട്ടുകറികളിലെ വിഭവങ്ങളും പ്രതീകങ്ങളാണ്. കിഴങ്ങുവർഗ്ഗങ്ങൾ മണ്ണിനെ അനുസ്മരിക്കുന്നു.കോഴി മാട് മുട്ട എന്നിവയുടെ ഉല്പന്നങ്ങൾ ജന്തുലോകത്തെയും, മൽസ്യം സമുദ്രത്തെയും സൂചിപ്പിക്കുന്നു.

കൂട്ടുകറികൾ[തിരുത്തുക]

 • പച്ചക്കറികൂട്ട്- ഉറാപ്പ് urap
 • പൊരിച്ച കോഴി അയം ഗോറെങ് ayam goring
 • മധുരം/എരിവ് ചേർത്ത വറുത്ത മാട്ടിറച്ചി
 • സോയ സോസ്സ് മുക്കിയ ബീഫ്
 • നിലകടലയും ചേർത്തുള്ള മൽസ്യവിഭവം
 • ചെമ്മീൻ പൊരിച്ചത്
 • മുട്ടപുഴുങ്ങിയത്/ മുട്ട പൊരിച്ചത്
 • കിഴങ്ങ് വർഗ്ഗങ്ങൾ

തുടങ്ങിയവ പ്രചാരത്തിലുള്ള കൂട്ടുകറികൾ ചിലത് മാത്രമാണ്

തുംപെങ് വൈവിധ്യം[തിരുത്തുക]

വിശിഷ്ടാവസങ്ങൾക്കനുസരിച്ച് തുംപെങിന്റെ ഘടനയിലും ഉള്ളടക്കത്തിലും വൈവിധ്യം  പ്രകടമാവുന്നു.

 • തുംപെങ് റൊബ്യോങ്(Tumpeng Robyong): വധുവിനെ ആശീർവദിക്കുന്ന ജാവൻ  ചടങ്ങായ സിറാമൻ വേളകളിലാണ് ഈ തുംപെങ് ചോറ് പാരമ്പര്യമായി വിളമ്പിയിരുന്നത്. ബാക്കുൽ എന്ന പരന്ന മുളപാത്രത്തിൽ വിളമ്പുന്ന ചോറുകുന്നിനു മുകളിൽ മുട്ട കൊഞ്ച്ചമ്മന്തി മുളക് എന്നിവയുണ്ടായിരിക്കും
 • തുംപെങ് നുജുഹ്ബുലാൻ(Tumpeng Nujuh Buan).ഏഴാം മാസ ഗർഭക്കാല ചടങ്ങിലാണ് ഈ തുംപെങ് വിളമ്പുന്നത്. ഒരു കുന്നിനു ചുറ്റും ആറ് ചെറുകുന്നുകൾ ഏഴ് മാസത്തെ പ്രതിനിധീകരിക്കുന്നു.
 • തുംപെങ് പുങ്കുർ(Pungkur) : അവിവാഹിതരായി മരിക്കുന്ന സ്ത്രീ/പ്രുരുഷന്മാരുടെ അനുസ്മരണ ചടങ്ങിലാണിത് വിളമ്പുന്നത്. പച്ചക്കറികളാൽ അലങ്കൃതമായ ചോറിൻ കുന്ന് നടുകെ രണ്ടായി മുറിച്ച് രണ്ട് പകുതികളും ചേർത്ത് വെയ്ക്കുന്നു.
 • തുംപെങ് പുതിഹ്(Putih). വെളുത്ത തുംപെങ്          . വെള്ളരിച്ചോറ് കൊണ്ടുള്ളതാണിത്. വെള്ള നിറം പരിപാവനതെയെ സൂചിപ്പിക്കുന്നു. പല പരിശുദ്ധ ചടങ്ങുകളിൽ ഈ തും പെങാണ് വിളമ്പുക
 • തുംപെങ് കുനിങ് (kuning): മഞ്ഞ ചോറാണ് ഇതിലുപയോഗിക്കുന്നത്. മഞ്ഞളിൽ മുക്കിയുണ്ടാക്കുന്ന ഈ സ്വർണ്ണ നിറചോർ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാകുന്നു. ജനനം, വിവാഹ നിശ്ചയം, വിവാഹം, ഈദ്, ക്രിസ്മസ്സ് തുടങ്ങിയ ആഹ്ലാദ വേളകളിലാണ് ഇവ വിളമ്പുക.
 • തുംപെങ് ഉദുക്ക് (uduk). തേങ്ങാപാലിൽ വേവിച്ച ചോറാണ് ഉദുക്ക്.നബിദിന ചടങ്ങിലാണ് (ഈദ് മിലാദ്) ഇവ വിളമ്പുന്നത്
 • തുംപെങ് മൊഡിഫിക്കാസി modifikasi) അവസരത്തിനനുസരിച്ചും, ഇഷ്ടമനുസരിച്ചും വ്യത്യാസപ്പെടുത്തിയുണ്ടാക്കാവുന്ന  ‘തുറന്ന’ വിഭവമാണിത്.  

ആധുനിക കാലത്ത്[തിരുത്തുക]

പാശ്ചാത്ത്യ ലോകം പ്രചാരത്തിലാക്കിയ ബർത്ത്ഡേ കേക്കിന്റെ ഇന്തോനേഷ്യൻ പതിപ്പായി തുംപെങ് മാറിയിരിക്കുന്നു. ഏത് സന്തോഷ വേളകളിലും, കൂടിച്ചേരലുകളിലും തുംപെങ് സാന്നിധ്യം അറിയിക്കുന്നു. കുറികല്യാണം, കരയോഗങ്ങൾ, യാത്രയയപ്പ്, അരങ്ങേറ്റങ്ങൾ, എന്നിങ്ങനെ നീളുന്നു വേളകൾ.[4]

സ്വാതന്ത്ര്യദിനം, വനിതാവിമോചന ദിനം തുടങ്ങിയ വേളകളിൽ തുംപെങ് പാചക മൽസരങ്ങൾ പതിവാണ്. കാഴ്ചയിലും സ്വാദിലും മികവ് പുലർത്തുന്നവ തയ്യാറാക്കുന്നവരാണ് ജേതാക്കൾ.

ദേശീയ വിമാന സർവ്വീസായ ഗരുഡ, 2009 മുതൽക്ക് തുംപെങ്   ദേശീയ ആതിഥേയതിന്റെ പ്രതീകമായി യാത്രികർക്ക് നൽകി തുടങ്ങി.[5]


സിങ്കപ്പൂർ, നെതർലാൻഡസ് തുടങ്ങിയ ചില വിദേശ രാജ്യങ്ങളിലെ ഇന്തോനേഷ്യൻ ഭക്ഷണശാലകളിൽ ഇന്ന് തുംപെങ് ലഭ്യമാണ്.

ജക്കാർത്തയിലുള്ള പൂർണ ഭക്തി പെർത്ത്വി മ്യൂസിയം (Purna_Bhakti_Pertiwi_Museum) ഉണ്ടാക്കിയിരിക്കുന്നത് തും പെങ് ആകൃതിയിലാണ്. 

അവലംബം[തിരുത്തുക]

  "https://ml.bywiki.com/w/index.php?title=തുംപെങ്&oldid=2638023" എന്ന താളിൽനിന്നു ശേഖരിച്ചത്